ഒരു അപ്രതീക്ഷിത അതിഥി
സാക്ക് ഏകാകിയായിരുന്നു. നഗരവീഥികളിലൂടെ നടക്കുമ്പോൾ ആളുകളുടെ ശത്രുതയോടെയുള്ള നോട്ടം അയാൾക്കനുഭവപ്പെടും. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. സാക്ക് പിന്നീട് വളരെ പ്രമുഖനായ ഒരു ക്രിസ്തീയ നേതാവും കൈസര്യയിലെ സഭയുടെ പാസ്റ്ററുമായി മാറിയെന്ന് സഭാ പിതാക്കന്മാരിൽ ഒരാളായ അലക്സാണ്ട്രിയയിലെ ക്ലെമന്റ് പറയുന്നു. അതേ, നമ്മൾ സംസാരിക്കുന്നത് യേശുവിനെ കാണാൻ ഒരു കാട്ടത്തിമേൽ കയറിയ ചുങ്കക്കാരനായ സക്കായിയെക്കുറിച്ചാണ് (ലൂക്കൊസ് 19:1-10).
മരത്തിൽ കയറാൻ അവനെ പ്രേരിപ്പിച്ചതെന്താണ്? റോമാ സാമ്രാജ്യത്തെ സേവിക്കുന്നതിനായി സ്വന്തം ജനങ്ങളുടെമേൽ കനത്ത നികുതി ചുമത്തിയതിനാലാണ് ചുങ്കക്കാരെ രാജ്യദ്രോഹികളായി ജനം കണ്ടിരുന്നത്. എന്നിട്ടും അവരെ സ്വീകരിക്കുന്ന കാര്യത്തിൽ യേശു പ്രശസ്തനായിരുന്നു. യേശു തന്നെയും സ്വീകരിക്കുമോ എന്ന് സക്കായി ചിന്തിച്ചിരിക്കാം. എന്നിരുന്നാലും പൊക്കക്കുറവു കാരണം ജനക്കൂട്ടത്തിനു നടുവിലുള്ള യേശുവിനെ കാണാൻ അവനു കഴിഞ്ഞില്ല (വാ. 3). അവനെ കാണുന്നതിനായിരിക്കാം അവൻ മരത്തിൽ കയറിയത്.
യേശു സക്കായിയെയും അന്വേഷിച്ചു. സക്കായി ഇരിക്കുന്ന വൃക്ഷത്തിനു ചുവട്ടിലെത്തിയപ്പോൾ അവൻ തലപൊക്കി നോക്കി പറഞ്ഞു, ''സക്കായിയേ, വേഗം ഇറങ്ങിവാ: ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു'' (വാ. 5). ഭ്രഷ്ട് കല്പിക്കപ്പെട്ട ഈ വീട്ടിൽ ഒരു അതിഥിയാകേണ്ടത് അത്യാവശ്യമാണെന്ന് യേശു കരുതി. അതു സങ്കൽപ്പിച്ചു നോക്കുക! സമൂഹം തള്ളിക്കളഞ്ഞ ഒരുവനോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ലോക രക്ഷകൻ.
സക്കായിയെപ്പോലെ നമ്മുടെ ഹൃദയങ്ങളോ ബന്ധങ്ങളോ ജീവിതമോ നന്നാക്കേണ്ടതുണ്ടെങ്കിൽ, നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. നാം അവനിലേക്ക് തിരിയുമ്പോൾ യേശു ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. നഷ്ടപ്പെട്ടതും തകർന്നതുമായ കാര്യങ്ങൾ പുനഃസ്ഥാപിക്കാനും നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥവും ലക്ഷ്യവും നൽകാനും അവനു കഴിയും.
യേശുവിൽ തകർക്കപ്പെടാത്തത്
യുദ്ധസമയത്ത് ലൂയിസ് സാംപെരിനിയുടെ സൈനിക വിമാനം കടലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന പതിനൊന്നു പേരിൽ എട്ടു പേരും മരിച്ചു. ''ലൂയി''യും മറ്റു രണ്ടു പേരും രക്ഷാബോട്ടുകളിൽ കയറി. അവർ സ്രാവുകളെ പ്രതിരോധിച്ചും, കൊടുങ്കാറ്റിൽ ശക്തിയായി തുഴഞ്ഞും, ശത്രു വിമാനത്തിൽ നിന്നുള്ള വെടിയുണ്ടകളെ ഒഴിഞ്ഞുമാറിയും, മത്സ്യങ്ങളെയും പക്ഷികളെയും പിടിച്ച് പച്ചയ്ക്കു തിന്നു വിശപ്പടക്കിയും രണ്ടുമാസക്കാലം കടലിൽ അലഞ്ഞു. ഒടുവിൽ അവർ ഒരു ദ്വീപിലെത്തി, കരയിലെത്തിയ ഉടനെ അവർ പിടിക്കപ്പെട്ടു. രണ്ടുവർഷത്തോളം ലൂയിയെ അടിക്കുകയും പീഡിപ്പിക്കുകയും യുദ്ധത്തടവുകാരനെന്ന നിലയിൽ അവനോടു നിഷ്കരുണം പെരുമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥ അൺബ്രോക്കൺ എന്ന പുസ്തകത്തിൽ പറയുന്നു.
ബൈബിളിലെ തകർക്കപ്പെടാത്ത കഥാപാത്രങ്ങളിലൊരുവനാണ് യിരെമ്യാവ്. അവൻ ശത്രുക്കളുടെ ഗൂഢാലോചനക്കിരയായി (യിരെമ്യാവ് 11:18), അവനെ ചാട്ടവാറിനടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു (20:2). അവനെ അടിക്കുകയും തടവറയിൽ ബന്ധിക്കുകയും ചെയ്തു (37:15-16), പിന്നീട് കയറുകൊണ്ട് ഒരു കുഴിയിലെ ആഴത്തിലുള്ള ചെളിയിലേക്ക് താഴ്ത്തി (38:6). അവനോടൊപ്പമിരുന്ന് അവനെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തതുകൊണ്ടാണ് അവൻ രക്ഷപ്പെട്ടത് (1:8). ദൈവം നമ്മോട് സമാനമായ ഒരു വാഗ്ദത്തം ചെയ്യുന്നു: ''ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയുമില്ല'' (എബ്രായർ 13:5). ദൈവം യിരെമ്യാവിനെയോ നമ്മെയോ പ്രശ്നങ്ങളിൽനിന്നു രക്ഷിക്കാമെന്നു വാഗ്ദത്തം ചെയ്തിട്ടില്ല, മറിച്ച് പ്രശ്നത്തിലൂടെ നമ്മെ വഹിച്ചുകൊള്ളാമെന്ന് അവൻ വാഗ്ദത്തം ചെയ്തിരിക്കുന്നു.
ദൈവത്തിന്റെ സംരക്ഷണം ലൂയി തിരിച്ചറിഞ്ഞു, യുദ്ധാനന്തരം അദ്ദേഹം തന്റെ ജീവിതത്തെ യേശുവിനു നൽകി. തന്റെ ബന്ദിയാക്കിയവരോടു ക്ഷമിക്കുകയും ചിലരെ ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്തു. നമുക്ക് എല്ലാ പ്രശ്നങ്ങളെയും ഒഴിവാക്കാനാവില്ലെങ്കിലും നാം തനിയെ അവയെ അനുഭവിക്കേണ്ടതില്ലെന്ന് ലൂയി മനസ്സിലാക്കി. യേശുവിനോടൊപ്പം നാം അവയെ അഭിമുഖീകരിക്കുമ്പോൾ, നാം തകർക്കപ്പെടാൻ കഴിയാത്തവരായിത്തീരുന്നു.
ക്രിസ്തുവിന്റെ സൗരഭ്യ വാസന
എനിക്കറിയാമായിരുന്ന ഒരു ഗ്രാമ സുവിശേഷകന്റെ രണ്ടു പൗത്രന്മാരും എന്റെ ഏറ്റവും അടുത്ത സ്നേഹിതന്മാരായിരുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം പട്ടണത്തിലേക്കു പോകുകയും അദ്ദേഹം സാധനങ്ങൾ വാങ്ങുകയും തനിക്കു പരിചയമുള്ള ആളുകളുമായി കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുമായിരുന്നു. അദ്ദഹത്തിന് എല്ലാവരുടെയും പേരുകളും അവരുടെ കഥകളും അറിയാമായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ നിന്ന് രോഗിയായ ഒരു കുട്ടിയെക്കുറിച്ചോ അല്ലെങ്കിൽ പ്രശ്നം നേരിടുന്ന ഒരു വിവാഹത്തെക്കുറിച്ചോ ചോദിക്കും, കൂടാതെ ഒന്നോ രണ്ടോ പ്രോത്സാഹന വാക്കുകളും പറയും. ശരിയാണെന്നു തോന്നിയാൽ അദ്ദേഹം തിരുവചനം പങ്കിടുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ഒരിക്കലും അദ്ദേഹത്തെ മറക്കുകയില്ല. അദ്ദേഹം ഒരു പ്രത്യേകതയുള്ളവനായിരുന്നു. അദ്ദേഹം തന്റെ വിശ്വാസത്തെ ആരുടെമേലും അടിച്ചേല്പിച്ചില്ല, പക്ഷേ അദ്ദേഹം അതെപ്പോഴും അവർക്കു നൽകുന്നതായി തോന്നി.
വൃദ്ധ പ്രസംഗകന് “ക്രിസ്തുവിന്റെ സൗരഭ്യവാസന” എന്നു പൗലൊസ് വിളിച്ച ആ കാര്യമുണ്ടായിരുന്നു (2 കൊരിന്ത്യർ 2:15). “[ക്രിസ്തുവിന്റെ] പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുവാൻ” (വാ. 14) ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പമായിരിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ സൗരഭ്യവാസന ലോമെറ്റയിൽ നിലനിൽക്കുന്നു.
സി.എസ്. ലൂയിസ് എഴുതി, “സാധാരണക്കാരായ ആളുകളില്ല. നിങ്ങൾ ഒരിക്കലും വെറും മർത്യനുമായി സംസാരിച്ചിട്ടില്ല.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ മനുഷ്യ സമ്പർക്കത്തിനും നിത്യമായ പ്രത്യാഘാതങ്ങളുണ്ട്. വിശ്വസ്തവും സൗമ്യവുമായ ജീവിതത്തിന്റെ ശാന്തമായ സാക്ഷ്യത്തിലൂടെയോ ക്ഷീണിച്ച ആത്മാവിനു നൽകുന്ന പ്രോത്സാഹന വാക്കുകളിലൂടെയോ നമുക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ ഓരോ ദിവസവും നമുക്ക് അവസരങ്ങളുണ്ട്. ക്രിസ്തുതുല്യമായ ജീവിതം മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനത്തെ ഒരിക്കലും കുറച്ചുകാണരുത്.
നിങ്ങളുടെ വേലി നീക്കുക
ഗ്രാമത്തിലെ വികാരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ, ഒരു ചെറിയ കൂട്ടം അമേരിക്കൻ സൈനികരോട്, അവരുടെ കൊല്ലപ്പെട്ട സഹസൈനികനെ തന്റെ പള്ളിയുടെ അടുത്തുള്ള വേലികെട്ടിയ സെമിത്തേരിയിൽ അടക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സഭാംഗങ്ങൾക്കു മാത്രമേ ശ്മശാനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അതിനാൽ അവർ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ വേലിക്ക് പുറത്ത് അടക്കം ചെയ്തു.
എന്നാൽ പിറ്റേന്ന് രാവിലെ, സൈനികർക്ക് ശവക്കുഴി കണ്ടെത്താനായില്ല. ''എന്ത് സംഭവിച്ചു? ശവക്കുഴി പോയി,'' ഒരു സൈനികൻ വികാരിയോടു പറഞ്ഞു. ''ഓ, അത് ഇപ്പോഴും അവിടെയുണ്ട്,'' അദ്ദേഹം പറഞ്ഞു. പട്ടാളക്കാരൻ ആശയക്കുഴപ്പത്തിലായപ്പോൾ വികാരി വിശദീകരിച്ചു. ''പറ്റില്ലെന്ന് നിങ്ങളോടു പറഞ്ഞതിൽ ഞാൻ ഖേദിച്ചു. അതുകൊണ്ട്, ഇന്നലെ രാത്രി ഞാൻ എഴുന്നേറ്റു വേലി നീക്കി.''
നമ്മുടെ ജീവിത വെല്ലുവിളികൾക്കും ദൈവം പുതിയ വീക്ഷണം നൽകിയേക്കാം—നാം അതിനായി അന്വേഷിക്കുകയാണെങ്കിൽ. അതാണ് അടിച്ചമർത്തപ്പെട്ട യിസ്രായേൽ ജനത്തിന് യെശയ്യാ പ്രവാചകൻ നൽകിയ സന്ദേശം. അവരുടെ ചെങ്കടലിലെ രക്ഷയിലേക്ക് ആകാംക്ഷയോടെ തിരിഞ്ഞുനോക്കുന്നതിനുപകരം, ദൈവം പുതിയ അത്ഭുതങ്ങൾ ചെയ്യുന്നതും പുതിയ പാതകൾ നിർമ്മിക്കുന്നതും കാണത്തക്കവിധം അവരുടെ നോട്ടം മാറ്റേണ്ടതുണ്ട്. ''ഭൂതകാലത്തിൽ വസിക്കരുത്'' എന്ന് അവൻ അവരെ ഉദ്ബോധിപ്പിച്ചു. ''ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു!'' (യെശയ്യാവ് 43:18-19). സംശയങ്ങളുടെയും യുദ്ധങ്ങളുടെയും വേളകളിൽ അവൻ നമ്മുടെ പ്രതീക്ഷയുടെ ഉറവിടമാണ്. ''ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിക്കുവാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നു'' (വാ. 20).
പുതിയ ദർശനം കൊണ്ട് ഉന്മേഷം പ്രാപിച്ച നമുക്കും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പുതിയ ദിശ കാണാൻ കഴിയും. അവിടുത്തെ പുതിയ വഴികൾ കാണാൻ നമുക്ക് പുതിയ കണ്ണുകളോടെ നോക്കാം. പിന്നെ, ധൈര്യത്തോടെ, അവനെ അനുഗമിച്ച് പുതിയ മേഖലയിലേക്ക് കടക്കാം.
കുഴപ്പത്തിൽ നിന്നു സന്ദേശത്തിലേക്ക്
ഒരു ബേസ്ബോൾ ഇതിഹാസമായിരുന്ന ഡാരിൽ മയക്കുമരുന്ന് ഉപയോഗത്തിലൂടെ തന്റെ ജീവിതം ഏതാണ്ട് നശിപ്പിച്ചു. എന്നാൽ യേശു അവനെ സ്വതന്ത്രനാക്കി, അവൻ വർഷങ്ങളായി ശുദ്ധനായിരിക്കുന്നു. ഇന്ന് അവൻ ആസക്തിയോട് മല്ലിടുന്ന മറ്റുള്ളവരെ സഹായിക്കുകയും അവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ദൈവം തന്റെ കുഴപ്പങ്ങളെ ഒരു സന്ദേശമാക്കി മാറ്റി എന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.
ദൈവത്തിന് ഒന്നും പ്രയാസകരമല്ല. ശിഷ്യന്മാരോടൊപ്പം കൊടുങ്കാറ്റുള്ള ഒരു രാത്രി ഗലീല കടലിൽ സഞ്ചരിച്ചതിനുശേഷം യേശു ഒരു സെമിത്തേരിക്ക് സമീപം കരയ്ക്കണഞ്ഞപ്പോൾ, അന്ധകാര ബാധിതനായ ഒരാൾ ഉടനെ അവനെ സമീപിച്ചു. യേശു അവന്റെയുള്ളിലെ പിശാചുക്കളോട് സംസാരിച്ചു, അവയെ പുറത്താക്കി അവനെ സ്വതന്ത്രനാക്കി.
യേശു മടങ്ങിപ്പോയപ്പോൾ, അവനോടൊപ്പം പോകുവാൻ ആ മനുഷ്യൻ അപേക്ഷിച്ചു. എന്നാൽ യേശു അവനെ അനുവദിക്കാതെ, ''നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു'' (മർക്കൊസ് 5:19).
നാം ആ മനുഷ്യനെ പിന്നീടൊരിക്കലും കാണുന്നില്ല, പക്ഷേ വേദപുസ്തകം താല്പര്യജനകമായ ചിലത് കാണിച്ചുതരുന്നു. ആ പ്രദേശത്തെ ജനങ്ങൾ ഭയപ്പെട്ട് യേശുവിനോട് ''തങ്ങളുടെ അതിര് വിട്ടുപോകുവാൻ അപേക്ഷിച്ചു'' (വാ. 17), എന്നാൽ അടുത്ത തവണ അവൻ അവിടെ തിരിച്ചെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി (8:1). യേശു ആ മനുഷ്യനെ അയച്ചതിന്റെ ഫലമായിരുന്നുവോ ആ വലിയ ജനക്കൂട്ടം? ഒരുകാലത്ത് അന്ധകാരത്താൽ പിടിക്കപ്പെട്ടിരുന്ന ആ മനുഷ്യൻ, ആദ്യത്തെ മിഷനറിമാരിൽ ഒരാളായി, രക്ഷിക്കാനുള്ള യേശുവിന്റെ ശക്തിയെ ഫലപ്രദമായി ആശയവിനിമയം ചെയ്തതായിരിക്കുമോ അതിനു കാരണം?
സ്വർഗ്ഗത്തിന്റെ ഈ വശം നാം ഒരിക്കലും അറിയുകയില്ല, പക്ഷേ ഇത് വളരെ വ്യക്തമാണ്. അവനെ സേവിക്കാൻ ദൈവം നമ്മെ സ്വതന്ത്രരാക്കുമ്പോൾ, ഒരു കുഴപ്പംപിടിച്ച ഭൂതകാലത്തെപ്പോലും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശമാക്കി മാറ്റാൻ അവനു കഴിയും.